രാജ്കോട്ട്: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 286 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി.
റൺസൊന്നമെടുക്കാത്ത റൂബൻ ഹെർമനെ തിലക് വർമയുടെ കൈകളിലെത്തിച്ച് അർഷ്ദീപ് സിംഗ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. പിന്നാലെ ജോർദാൻ ഹെർമാൻ, മാർക്വസ് അക്കർമാൻ എന്നിവരും പുറത്തായി.
ഇതോടെ പ്രോട്ടീസ് സ്കോർബോർഡ് തുറക്കും മുമ്പ് രണ്ട് വിക്കറ്റുകളും ഒരു റൺസിന് മൂന്ന് വിക്കറ്റുകളും നഷ്ടമായിരുന്നു. നാലാം വിക്കറ്റ് 16 റൺസിലും പിന്നീട് അഞ്ചിന് 53 എന്ന നിലയിലും തകർന്നിരുന്നു.
അവിടെ നിന്നാണ് ഡയാൻ ഫോറസ്റ്റർ - ഡെലാനോ പോട്ട്ഗീറ്റർ കൂട്ടുകെട്ട് രക്ഷാപ്രവർത്തനം നടത്തിയത്. 83 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം ഫോറസ്റ്റർ 77 റൺസെടുത്തു. 105 പന്തിൽ 10 ഫോറും ഒരു സിക്സറും സഹിതം 90 റൺസെടുത്ത ഡെലാനോ പോട്ട്ഗീറ്റർ ടോപ് സ്കോററായി.
ഇരുവരും ചേർന്ന ആറാം വിക്കറ്റിൽ 113 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഫോറസ്റ്ററിനെ പുറത്താക്കി റിയാൻ പരാഗാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെവന്ന ബ്യോൺ ഫോർട്ടുയിൻ 59 റൺസ് നേടി.
ഏഴാം വിക്കറ്റിൽ ഫോർട്ടുയിൻ ഡെലാനോ പോട്ട്ഗീറ്റുമായി ചേർന്ന് 87 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യക്കായി ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.